Monday, June 24, 2019



ബല്ലാ ഈസ്റ്റിൽ വായനാ സായാഹ്നങ്ങൾ സമാപിച്ചു
================================================================================================================
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലമായി ബല്ലാ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നുവരുന്ന വായനാ സായാഹ്നങ്ങൾക്ക് സമാപനം. കുട്ടികളിൽ വായനയുടെ നവലോകം സൃഷ്ടിക്കുകയെന്നതാണ് വായനാ സായാഹ്നങ്ങളുടെ ലക്ഷ്യം. വായനാ സായാഹ്നത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
വായനയെ നോക്കിക്കാണേണ്ടതെങ്ങനെയെന്നും വായനാഹ്ലാദമെന്തെന്നും തിരിച്ചറിയുന്നതിന് വായനാ സായാഹ്നങ്ങളിലെ സാഹിത്യകാരൻമാരുമായുള്ള സംവാദം അവസരമൊരുക്കി. വായനാ മത്സരങ്ങൾ, ആസ്വാദനക്കുറിപ്പ്, സർഗ്ഗ രചനാ മത്സരങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.
കുട്ടികളുടെ വായനാനുഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉറവ് സർഗ രചനാ പുസ്തകം ദേശീയ അധ്യാപക അവാർഡ് ജേതാവ് കഞ്ഞമ്പു മാസ്റ്റർ സമാപനത്തോടനുബന്ധിച്ച് പ്രകാശനം  ചെയ്തു.
കവിതയിൽ വരികൾ പകർന്നു തരുന്ന നേരർത്ഥങ്ങൾക്കപ്പുറം ഒരു പുതു ഭാവനാലോകം കുട്ടികൾക്ക് മുന്നിൽ തുറന്നിടും വിധത്തിൽ യുവകവയത്രി സി പി ശുഭ വായനാ സായാഹ്നങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വന്തം കവിതകളുടെ ആലാപനം കൊണ്ട് കവിതാ സായാഹ്നം അക്ഷരാർത്ഥത്തിൽ അർത്ഥവത്തായി. 
കഥകൾ ജനിക്കുന്ന സ്വാഭാവിക സന്ദർഭങ്ങൾ സ്വന്തം കഥകളിൽ വന്നു ചേർന്നതിന്റെ ഉദാഹരണങ്ങൾ കാണിച്ച് കാലത്തെ കണ്ടറിഞ്ഞ് കഥകൾ വായിക്കണമെന്ന സന്ദേശം നൽകി കഥാ സായാഹ്നത്തിൽ കഥാകൃത്ത് അമ്പലത്തറ നാരായണൻ. നല്ല സമൂഹസൃഷ്ടിക്കുതകും വിധത്തിൽ നാടകങ്ങൾ വഹിച്ച പങ്ക് അത്രയ്ക്ക് വലുതാണെന്ന് നാടക സംവിധായകനും യുവ കവിയുമായ പ്രസാദ് കണ്ണോത്ത് വിശദീകരിച്ചു.
ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അഡ്വ വേണുഗോപാലൻ, SMC ചെയർമാൻ പി ദിനേശൻ, ഹെസ് മാസ്റ്റർ വി വി ഭാസ്ക്കരൻ മാസ്റ്റർ, സ്റ്റാഫ് സിക്രട്ടറി പ്രമോദ് ആറിൽ എന്നിവർ സംസാരിച്ചു. ശ്യാമള കെ  എൻ, എം കമലം, പി ഹരിദാസൻ, തുടങ്ങിയവർ വായനാ സായാഹ്നത്തിന് നേതൃത്വം നൽകി.

No comments:

Post a Comment