Tuesday, June 20, 2017

അമ്മ വായനയ്ക്ക് തുടക്കമായി

വായനാ വാരാചരണത്തിന്റെ ഭാഗമായി ബല്ലാ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ അമ്മ വായനയ്ക്ക് തുടക്കം കുറിച്ചു. സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ചാസ്വദിക്കുന്നതോടൊപ്പം കുട്ടികൾക്ക് അവ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. പാഠ്യ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് ശരിയായ ദിശാബോധം നൽകി മികച്ച പഠനാന്തരീക്ഷം ഒരുക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് അമ്മ വായന. പുതിയ കാലത്ത് വായനയെ തിരിച്ചുപിടിക്കാനുള്ള ഈ ശ്രമം വിവിധ അനുബന്ധ പരിപാടികളിലൂടെയാണ് മുന്നേറുന്നത്. ഓരോ ക്ലാസിലേയും കുട്ടികളുടെ മുന്നിൽ വായനാ വാരത്തിൽ ഇനി അമ്മമാർ പുസ്തകം പരിചയപ്പെടുത്തും. വായനാ ക്വിസിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കാളികളാകും. അമ്മ വായന സ്കൂൾ ഹെഡ്മാസ്റ്റർ എൽ വസന്തൻ ഉദ്ഘാടനം ചെയ്തു . മദർ പി ടി എ പ്രസിഡണ്ട് നിഷാ രാജൻ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ കെ. വിജയ സ്വാഗതവും എൻ ദിനേശൻ നന്ദിയും പ്രകാശിപ്പിച്ചു. ശ്യാമള, കമല , ആനന്ദ് പേക്കടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Friday, June 16, 2017

ക്ലാസ് പി ടി എ യോഗം

മുഴുവൻ ക്ലാസുകളിലെയും ക്ലാസ് പി ടി എ യോഗം നടന്നു. പുതിയ അധ്യയന വർഷത്തിലെ തയ്യാറെടുപ്പുകളും ടെസ്റ്റിന്റെ വിലയിരുത്തലുകളും ആണ് പ്രധാന അജണ്ടകൾ. ക്ലാസ് മദർ പിടിഎ പ്രസിഡണ്ടുമാരെയും 5 എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരെഞ്ഞെടുത്തു . 

Monday, June 5, 2017

പിറന്നാളിന് ഒരു കല്പവൃക്ഷം

ബല്ലാ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ ലോക പരിസ്ഥിതി ദി നാഘോഷത്തിന്റെ ഭാഗമായി പിറന്നാളിന് ഒരു കല്പവൃക്ഷം പദ്ധതിക്ക് തുടക്കമായി. ഏഴാം തരത്തി'ലെ നന്ദന സുധാകരനാണ് പിറന്നാൾ ദിനത്തിൽ തെങ്ങിൻ തൈ നട്ടത്. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മൾട്ടിമീഡിയ ക്വിസ് തിങ്കളാഴ്ച നടക്കും

Thursday, June 1, 2017

പ്രഹർഷമായ പ്രവേശനോത്സവം

അറിവിന്റെ അക്ഷയത്തിരി തെളിക്കാൻ കുരുന്നുകൾ വിദ്യാലയത്തിരുമുറ്റത്തേക്ക് എത്തിച്ചേരുന്ന ജൂൺ 1 അക്ഷരാർത്ഥത്തിൽ ഉത്സവ ദിനമായി. നവാഗതരെ ആനയിക്കന്നതിന് ചെമ്മട്ടംവയൽ ബസ്സ്റ്റാൻറിൽ മുത്തുക്കടയേന്തിയ രക്ഷിതാക്കൾ അണിനിരന്നു. ബാൻറടിയുടെ താളത്തിനനുസരിച്ച് കളിവേഷങ്ങൾ ചുവടുവെച്ചു. കുരുന്നുകളെ കേരളീയ വേഷവിധാനത്തോടെ സ്കൂൾ കുട്ടികൾ  കൈ പിടിച്ച് അറിവിന്റെ വർണ വിഹായസ്സിലേക്ക് നയിച്ചു. പഠനത്തിന്റെ അണയാത്ത തിരി കുട്ടികൾ പ്രതീകാത്മമായി തെളിച്ചാണ് പരിപാടികൾ ആരംഭിച്ചത്.