Friday, July 5, 2019

ബഷീറും പാത്തുമ്മയും സാക്ഷി.
ബല്ലാ ഈസ്റ്റിൽ മാംഗോസ്റ്റിൻ വളരും.
=========================================================================================
പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ബഷീർ ദിനം ബല്ലാ ഈസ്റ്റ് ഹയർ സെക്കന്ററി 'യിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. പ്രത്യേകം സജ്ജമാക്കിയ സ്കൂൾ തിരുമുറ്റത്ത് ചാരുകസേരയിൽ ബഷീർ ആലോചനയോടെ ഇരുന്നു, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷൻ ശ്രീ വി വി രമേശൻ ബഷീറിന് ഏറ്റവും ഇഷ്ടമായ മാംഗോസ്റ്റിൻ മരം നട്ടപ്പോൾ ബഷീർ സാകൂതം വീക്ഷിച്ചു, ആടുമായി എത്തിച്ചേർന്ന കഥാപാത്രമായ പാത്തുമ്മ ചടങ്ങിന് സാന്നിദ്ധ്യമറിയിച്ചു. വൈകാരികമായ ഈ മുഹൂർത്തത്തിൽ ചാരുകസേരയിൽ നിന്നും പതുക്കെ എഴുന്നേറ്റ് ഒരു തുടം വെള്ളമൊഴിച്ച ശേഷമാണ് ബഷീർ അരങ്ങിലേക്ക് വന്നെത്തിയത്. കഥയുടെ ലാളിത്യം അനാവരണം ചെയ്യുന്ന തരത്തിൽ ബഷീർ പാത്തുമ്മയോട് സംവദിച്ചത് നവ്യാനുഭവമായി മാറി.
കിസ്സ സാംസ്കാരിക സമന്വയത്തിന്റെ സഹകരണത്തോടെ നടന്ന ബഷീർ അനുസ്മരണ ചടങ്ങിൽ അഡ്വ.സി.ഷുക്കൂർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് അഡ്വ. പി വേണുഗോപാലൻ സ്വാഗതവും കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ശ്രീ മുഹമ്മദ് മുറിയനാവി നന്ദിയും പറഞ്ഞു. SMC ചെയർമാൻ എൻ ദിനേശൻ, പ്രിൻസിപ്പാൾ എം.രാധാകൃഷ്ണൻ, ഹെഡ്മാസ്റ്റർ വി വി ഭാസ്കരൻ, അഡ്വ. ആശാലത , ബിബി പി ജോസ് എന്നിവർ ആശംസകളേകി. പ്രമോദ് ആറിൽ, ആനന്ദ് പേക്കടം, ശ്യാമള കെ എൻ, എം കമലം, ഷാന്റി ഗോൺസാൽവസ്, പി കെ ഹരിദാസൻ, ശുഭ കെ.വി എന്നിവർ നേതൃത്വം നൽകി.

Monday, June 24, 2019



ബല്ലാ ഈസ്റ്റിൽ വായനാ സായാഹ്നങ്ങൾ സമാപിച്ചു
================================================================================================================
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലമായി ബല്ലാ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നുവരുന്ന വായനാ സായാഹ്നങ്ങൾക്ക് സമാപനം. കുട്ടികളിൽ വായനയുടെ നവലോകം സൃഷ്ടിക്കുകയെന്നതാണ് വായനാ സായാഹ്നങ്ങളുടെ ലക്ഷ്യം. വായനാ സായാഹ്നത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
വായനയെ നോക്കിക്കാണേണ്ടതെങ്ങനെയെന്നും വായനാഹ്ലാദമെന്തെന്നും തിരിച്ചറിയുന്നതിന് വായനാ സായാഹ്നങ്ങളിലെ സാഹിത്യകാരൻമാരുമായുള്ള സംവാദം അവസരമൊരുക്കി. വായനാ മത്സരങ്ങൾ, ആസ്വാദനക്കുറിപ്പ്, സർഗ്ഗ രചനാ മത്സരങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.
കുട്ടികളുടെ വായനാനുഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉറവ് സർഗ രചനാ പുസ്തകം ദേശീയ അധ്യാപക അവാർഡ് ജേതാവ് കഞ്ഞമ്പു മാസ്റ്റർ സമാപനത്തോടനുബന്ധിച്ച് പ്രകാശനം  ചെയ്തു.
കവിതയിൽ വരികൾ പകർന്നു തരുന്ന നേരർത്ഥങ്ങൾക്കപ്പുറം ഒരു പുതു ഭാവനാലോകം കുട്ടികൾക്ക് മുന്നിൽ തുറന്നിടും വിധത്തിൽ യുവകവയത്രി സി പി ശുഭ വായനാ സായാഹ്നങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വന്തം കവിതകളുടെ ആലാപനം കൊണ്ട് കവിതാ സായാഹ്നം അക്ഷരാർത്ഥത്തിൽ അർത്ഥവത്തായി. 
കഥകൾ ജനിക്കുന്ന സ്വാഭാവിക സന്ദർഭങ്ങൾ സ്വന്തം കഥകളിൽ വന്നു ചേർന്നതിന്റെ ഉദാഹരണങ്ങൾ കാണിച്ച് കാലത്തെ കണ്ടറിഞ്ഞ് കഥകൾ വായിക്കണമെന്ന സന്ദേശം നൽകി കഥാ സായാഹ്നത്തിൽ കഥാകൃത്ത് അമ്പലത്തറ നാരായണൻ. നല്ല സമൂഹസൃഷ്ടിക്കുതകും വിധത്തിൽ നാടകങ്ങൾ വഹിച്ച പങ്ക് അത്രയ്ക്ക് വലുതാണെന്ന് നാടക സംവിധായകനും യുവ കവിയുമായ പ്രസാദ് കണ്ണോത്ത് വിശദീകരിച്ചു.
ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അഡ്വ വേണുഗോപാലൻ, SMC ചെയർമാൻ പി ദിനേശൻ, ഹെസ് മാസ്റ്റർ വി വി ഭാസ്ക്കരൻ മാസ്റ്റർ, സ്റ്റാഫ് സിക്രട്ടറി പ്രമോദ് ആറിൽ എന്നിവർ സംസാരിച്ചു. ശ്യാമള കെ  എൻ, എം കമലം, പി ഹരിദാസൻ, തുടങ്ങിയവർ വായനാ സായാഹ്നത്തിന് നേതൃത്വം നൽകി.

Tuesday, June 18, 2019

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ബല്ലാ ഈസ്റ്റിൽ വായനാ സായാഹ്നങ്ങൾ

ബല്ലാ ഗവൺമെൻറ് ഹയർ സെക്കന്ററിയിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായനാ സായാഹ്നങ്ങൾ. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം കവിതാ രംഗത്ത് പ്രശോഭിതമയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ശ്രീമതി സി പി ശുഭ ടീച്ചർ നിർവഹിച്ചു.
ജൂൺ 19 മുതൽ ഒരാഴ്ച്ചക്കാലം സാഹിത്യകാരൻമാരോടൊപ്പം കുട്ടികൾ വായനാ സായാഹ്നങ്ങളിൽ  സഹവസിക്കും. കഥകൾ, കവിതകൾ, നാടകം, തിരക്കഥ, പുസ്തകങ്ങളിലെ വരകൾ തുടങ്ങിയ മേഖലകളിലെ പ്രശസ്തരായ ബിജു കാഞ്ഞങ്ങാട്, ഉപേന്ദ്രൻ മടിക്കൈ, നാരായണൻ അമ്പലത്തറ, കൃഷ്ണദാസ് പലേരി തുടങ്ങിയവർ സായാഹ്ന സംവാദത്തിൽ പങ്കെടുക്കും. 
വായന മരിക്കാത്ത ഒരു ലോകത്തേക്ക് ഇനി കുട്ടികൾ നടന്നു നീങ്ങേണ്ടതെന്ന് ടീച്ചർ കുട്ടികളെ ഓർമ്മിപ്പിച്ചു. ലൈബ്രറി പുസ്തക പ്രദർശനം, വായനാ ക്കുറിപ്പ് മത്സരം, ഈമാഗസിൻ നിർമ്മാണം, കടങ്കഥാ മത്സരം തുടങ്ങിയവ പക്ഷാചരണത്തിന്റെ ഭാഗമായി നടക്കും. ചടങ്ങിൽ
സ്കൂൾ ഹെഡ്മാസ്റ്റർ വി വി ഭാസ്കരൻ , പി.കെ.ഹരിദാസ്, എം.കമലം, പ്രമോദ് ആറിൽ തുടങ്ങിയവർ സംസാരിച്ചു. ആനന്ദ് പേക്കടം, പ്രകാശൻ കെ , ഷാന്റി ഗോൺസാൽവസ്, ശ്യാമള കെ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
ബല്ലാ ഈസ്റ്റിൽ മണ്ണും മനവും പദ്ധതിക്ക് തുടക്കമായി
=============================================================================================
ബല്ലാ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ പരിസ്ഥിതി ക്ലബ് ഈ വർഷം നടപ്പാക്കുന്ന 'മണ്ണും മനവും' പദ്ധതിക്ക് ഔപചാരികമായ തുടക്കമായി. കേരളത്തിന്റെ പരിസ്ഥിതി കഥാകാരൻ ഡോ: അംബികാസുതൻ മാങ്ങാട് സ്കൂൾ പറമ്പിൽ നെല്ലിമരം നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ബോധം അകന്നു പോകുന്ന മനസ്സും നാടും ഒരുപോലെ വരൾച്ചയിലേക്കാണ് നീങ്ങുകയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മഴ കുറഞ്ഞു പോകുന്ന കാലത്ത് മരങ്ങൾ മാത്രമാണ് പ്രതീക്ഷ. അക്കേഷ്യ പോലുള്ള മരങ്ങളെ പരമാവധി അകറ്റി നിർത്താനും നാട്ടുമരങ്ങളെയും ഫലവൃക്ഷങ്ങളെയും സ്നേഹിച്ച് നട്ടുവളർത്തുകയാണ് ഇനി വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ രാജ് മോഹൻ നീലേശ്വരം പരിസ്ഥിതി സന്ദേശം നൽകി.
നാട്ടുസംസ്കൃതി, നാട്ടാഹാരങ്ങൾ, തനതു മണ്ണുസംരക്ഷണ രീതികൾ, കർഷകനും മണ്ണും, സുരങ്കം, വിവിധ പഠനങ്ങൾ, നാട്ടുൾത്തുടിപ്പ് തേടിയുള്ള യാത്രകൾ, മേളകൾ തുടങ്ങിയവ മണ്ണും മനവും പദ്ധതി ഭാഗമായി ഈ വർഷം നടപ്പാക്കും
സ്കൂൾ ഹെഡ്മാസ്റ്റർ വി വി ഭാസ്കരൻ , പരസ്ഥിതി ക്ലബ് കോർഡിനേറ്റർ ആനന്ദ് പേക്കടം, പ്രമോദ് ആറിൽ തുടങ്ങിയവർ സംസാരിച്ചു.

Tuesday, June 20, 2017

അമ്മ വായനയ്ക്ക് തുടക്കമായി

വായനാ വാരാചരണത്തിന്റെ ഭാഗമായി ബല്ലാ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ അമ്മ വായനയ്ക്ക് തുടക്കം കുറിച്ചു. സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ചാസ്വദിക്കുന്നതോടൊപ്പം കുട്ടികൾക്ക് അവ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. പാഠ്യ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് ശരിയായ ദിശാബോധം നൽകി മികച്ച പഠനാന്തരീക്ഷം ഒരുക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് അമ്മ വായന. പുതിയ കാലത്ത് വായനയെ തിരിച്ചുപിടിക്കാനുള്ള ഈ ശ്രമം വിവിധ അനുബന്ധ പരിപാടികളിലൂടെയാണ് മുന്നേറുന്നത്. ഓരോ ക്ലാസിലേയും കുട്ടികളുടെ മുന്നിൽ വായനാ വാരത്തിൽ ഇനി അമ്മമാർ പുസ്തകം പരിചയപ്പെടുത്തും. വായനാ ക്വിസിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കാളികളാകും. അമ്മ വായന സ്കൂൾ ഹെഡ്മാസ്റ്റർ എൽ വസന്തൻ ഉദ്ഘാടനം ചെയ്തു . മദർ പി ടി എ പ്രസിഡണ്ട് നിഷാ രാജൻ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ കെ. വിജയ സ്വാഗതവും എൻ ദിനേശൻ നന്ദിയും പ്രകാശിപ്പിച്ചു. ശ്യാമള, കമല , ആനന്ദ് പേക്കടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Friday, June 16, 2017

ക്ലാസ് പി ടി എ യോഗം

മുഴുവൻ ക്ലാസുകളിലെയും ക്ലാസ് പി ടി എ യോഗം നടന്നു. പുതിയ അധ്യയന വർഷത്തിലെ തയ്യാറെടുപ്പുകളും ടെസ്റ്റിന്റെ വിലയിരുത്തലുകളും ആണ് പ്രധാന അജണ്ടകൾ. ക്ലാസ് മദർ പിടിഎ പ്രസിഡണ്ടുമാരെയും 5 എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരെഞ്ഞെടുത്തു . 

Monday, June 5, 2017

പിറന്നാളിന് ഒരു കല്പവൃക്ഷം

ബല്ലാ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ ലോക പരിസ്ഥിതി ദി നാഘോഷത്തിന്റെ ഭാഗമായി പിറന്നാളിന് ഒരു കല്പവൃക്ഷം പദ്ധതിക്ക് തുടക്കമായി. ഏഴാം തരത്തി'ലെ നന്ദന സുധാകരനാണ് പിറന്നാൾ ദിനത്തിൽ തെങ്ങിൻ തൈ നട്ടത്. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മൾട്ടിമീഡിയ ക്വിസ് തിങ്കളാഴ്ച നടക്കും